അര്‍ജന്റീനയെ വിറപ്പിച്ച കേപ് വെര്‍ദെയാണ് 2026 ലോകകപ്പിലെ യഥാര്‍ഥ ജേതാക്കള്‍. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ മാത്രമല്ല, ഗ്രൂപ്പ് ഘട്ടത്തില്‍ സ്പെയിനിനെയും ഉറുഗ്വെയെയുമെല്ലാം കേപ് വെര്‍ദെ ഞെട്ടിച്ചു. 2026 ലോകകപ്പിലെ യഥാര്‍ഥ ഞെട്ടിക്കല്‍ ടീം.
5.25 ലക്ഷം ആളുകള്‍ മാത്രമുള്ള ഈ ആഫ്രിക്കന്‍ രാജ്യം, ആദ്യമായാണ് ഫിഫ ലോകകപ്പ് വേദിയില്‍ എത്തുന്നതെന്നതും ശ്രദ്ധേയം. അരങ്ങേറ്റ ലോകകപ്പില്‍ത്തന്നെ തങ്ങളുടേതായ കൈയൊപ്പ് പതിപ്പിച്ചശേഷം തലയുയര്‍ത്തിയുള്ള മടക്കം. ലയണല്‍ മെസിയും സംഘവും അണിനിരന്ന നിലവിലെ ചാമ്പ്യന്മാരെ, അധിക സമയത്തേക്കു വലിച്ചിഴച്ചതാണ് കേപ് വെര്‍ദെയുടെ ഏറ്റവും വലിയ നേട്ടം. അതില്‍ ശ്രദ്ധേയം മത്സരത്തില്‍ എട്ട് സേവുകള്‍ നടത്തിയ 40കാരന് ഗോള്‍കീപ്പര്‍ വൊസീഞ്ഞയും.
40ലും വൊസീഞ്ഞയുടെ വഴക്കവും വേഗവും കണക്കുകൂട്ടലും അപാരംതന്നെ. 40കാരനാണോ ഗോള്‍വലയ്ക്കു മുന്നില്‍ ഈ പ്രകടനം കാഴ്ചവയ്ക്കുന്നതെന്നു ലോകം അതിശയിച്ച ദിനങ്ങള്‍...
കേപ് വെര്‍ദെയെ റൗണ്ട് ഓഫ് 32ല്‍ 3-2നു കീഴടക്കിയ അര്‍ജന്റീന, പ്രീക്വാര്‍ട്ടറില്‍ മറ്റൊരു ആഫ്രിക്കന്‍ രാജ്യത്തെ നേരിടും. മുഹമ്മദ് സലയുടെ ഈജിപ്തിനെ. ഏഴ്ന് ഇന്ത്യൻ സമയം രാത്രി 9.30നാണ് അര്‍ജന്റീന x ഈജിപ്ത് പ്രീക്വാര്‍ട്ടർ പോരാട്ടം.
മെസി x വൊസീഞ്ഞ
ഗ്രൂപ്പ് ഘട്ടത്തില്‍ സ്പെയിനിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടിയതോടെയാണ് കേപ് വെര്‍ദെയും ഗോളി വൊസീഞ്ഞയും ശ്രദ്ധിക്കപ്പെട്ടത്. അതോടെ വൊസീഞ്ഞയുടെ സോഷ്യല്‍ മീഡിയ ഫോളവേഴ്സിന്റെ എണ്ണം കുത്തനെ ഉയര്‍ന്നു. അദ്ദേഹത്തിന്റെ അമ്മയ്ക്കു കളികാണാനായി അമേരിക്കയിലേക്കു വരാന്‍ സാധിക്കാതിരുന്ന വാര്‍ത്തകൂടി പുറത്തുവന്നതോടെ സഹായഹസ്തങ്ങള്‍ നീണ്ടു.
എന്നാല്‍, റൗണ്ട് ഓഫ് 32ല്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് എതിരായ പോരാട്ടത്തില്‍ വൊസീഞ്ഞയ്ക്കാണു ജയമെന്നു പറയാം. 120 മിനിറ്റ് നീണ്ട മത്സരത്തില്‍ മെസി ആറു തവണ ടാര്‍ഗറ്റ് ഷോട്ട് എടുത്തു. രണ്ട് ഫ്രീകിക്ക് അടക്കമാണിത്. എന്നാല്‍, ഒരു തവണ മാത്രമാണ് മെസിക്കു വൊസീഞ്ഞയെ കീഴടക്കി പന്ത് വലയിലാക്കാന്‍ സാധിച്ചത്. മത്സരത്തില്‍ എട്ട് സേവുകള്‍ വൊസീഞ്ഞ നടത്തി. അതില്‍ അഞ്ചും മെസിക്ക് എതിരേയായിരുന്നു. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ മെസിയുടെ 30-ാം മത്സരമായിരുന്നു റൗണ്ട് ഓഫ് 32ല്‍ കേപ് വെര്‍ദെയ്ക്ക് എതിരായത്.
സ്പെയിനിന് എതിരായ ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് സേവ് വൊസീഞ്ഞ നടത്തി. 2026 ഫിഫ ലോകകപ്പില്‍ ആകെ 18 സേവുകള്‍ നടത്തിയാണ് വൊസീഞ്ഞ എന്ന 40കാരന് കളംവിട്ടത്. ഇതുവരെയുള്ള കണക്ക് അനുസരിച്ച് പരാഗ്വെയുടെ ഒര്‍ലാന്‍ഡൊ ഗില്ലും (24), കുറസാവൊയുടെ എലോയ് റൂമും (21) മാത്രമാണ് വൊസീഞ്ഞയേക്കാള് കൂടുതല്‍ സേവ് നടത്തിയതെന്നതും ശ്രദ്ധേയം.
എട്ട് സേവുകള്‍
ഫിഫ 2026 ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് എതിരായ റൗണ്ട് ഓഫ് 32ല്‍ കേപ് വെര്‍ദെയുടെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞ എട്ട് സേവുകള്‍ നടത്തി.
ഫിഫ ലോകകപ്പ് നോക്കൗട്ട് ചരിത്രത്തില്‍ ഒരു ആഫ്രിക്കന്‍ താരം ഒരു മത്സരത്തില്‍ നടത്തുന്ന ഏറ്റവും ഉയര്‍ന്ന സേവാണിത്. 2014ല്‍ ജര്‍മനിക്ക് എതിരേ അള്‍ജീരിയയുടെ റൈസ് എംബോര്ഹി നടത്തിയ അഞ്ച് സേവായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.